Skip to content Skip to sidebar Skip to footer

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍
സമാനതകളില്ലാത്ത സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന സാംസ്ക്കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക വളര്‍ച്ചയിലും സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിലും ഈ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. 1975ല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന് യുനസ്കോയുടെ ക്രുപ്സ്കായ അവാര്‍ഡ് ലഭിച്ച ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സാംസ്‌കാരിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മുഖ്യമായും സംഘടിപ്പിക്കുന്നത്. 1829ലാണ് കേരളത്തില്‍ ആദ്യത്തെ പബ്ലിക് ലൈബ്രറി തിരുവനന്തപുരത്താണ് ആരംഭിക്കുന്നത്. സ്വാതിതിരുനാള്‍ തിരുവിതാംകൂര്‍ ഭരിച്ച കാലത്തായിരുന്നു അത്. കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി സ്വാതിതിരുനാളിനെ കാണുന്നത് അതുകൊണ്ടാണ്.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ജനങ്ങളുടെ ആവശ്യകതാ ബോധത്തില്‍ നിന്ന് ഉത്ഭവിച്ച ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും നന്മ തലമുറകളിലേയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിനും അവ സംരക്ഷിക്കുന്നതിനും ഈ പ്രസ്ഥാനം ജാഗ്രത്തായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. വിജ്ഞാന വ്യാപനത്തിന്റെ ജനകീയതയായിരുന്നു ഗ്രാമീണ ഗ്രന്ഥശാലകളെ അനുപമമായ സാമൂഹ്യ മുന്നേറ്റ വേദികളാക്കി മാറ്റിയത്.
ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാലയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി, ഇന്നത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, 1827ല്‍ സ്ഥാപിതമായി. തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാളിന്റെ ഭരണത്തിന്‍കീഴില്‍ കേണല്‍ എഡ്വേര്‍ഡ് കഡോഗന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിരുന്നു ഈ ഗ്രന്ഥശാല സ്ഥാപിച്ചത്. പൊതു ഗ്രന്ഥശാലകള്‍ എന്ന ആശയം കേരളത്തിന്റെ തെക്കന്‍ ദേശമായ തിരുവിതാംകൂറില്‍ 1894 മുതല്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. എന്നാല്‍ 1945ല്‍ അമ്പലപ്പുഴയില്‍ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനത്തോടെയാണ് സംഘടിതരൂപത്തില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപകമായത്. പി.എന്‍. പണിക്കര്‍ എന്ന മികവുറ്റ സംഘാടകന്‍ അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ലൈബ്രറി എന്ന ഗ്രന്ഥാലയത്തില്‍ നിന്ന് നല്‍കിയ സന്ദേശം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രതിധ്വനിക്കുകയും ആയിരക്കണക്കായ ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിന് പ്രചോദനമാകുകയും ചെയ്തു.
മലബാറിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച് വളര്‍ന്ന് വന്നവയാണ്. മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രന്ഥശാലകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു സംഘടിത പ്രസ്ഥാനത്തിന് രൂപം കൊടുക്കാനുള്ള പരിശ്രമത്തിന് മാര്‍ക്‌സിസ്റ്റ് ദാര്‍ശികനായിരുന്ന കെ. ദാമോദരന്‍ നേതൃത്വം നല്‍കി. 1937 മെയ് 14ന് കോഴിക്കോട് ഠൗണ്‍ഹാളില്‍ ചേര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സമ്മേളനം ‘മലബാര്‍ ഗ്രന്ഥശാലാ സംഘ’ത്തിന്റെ രൂപീകരണത്തിന് തുടക്കംകുറിച്ചു. 1943 ഡിസംബര്‍ 8ന് കേരള ഗ്രന്ഥാലയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുമുമ്പ് തിരുവിതാംകൂര്‍ – കൊച്ചി – മലബാര്‍ എന്നീ മൂന്ന് ഭരണപ്രദേശങ്ങളിലായാണ് മലയാളികള്‍ വസിച്ചിരുന്നത്. ഇവിടങ്ങളിലെ ജീവിത ശൈലിയും, നവോത്ഥാന – സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടുള്ള സമീപനവും വ്യത്യസ്ത രീതിയിലായിരുന്നു. ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിലും അവ സംഘടിപ്പിക്കുന്നതിലും ഈ വ്യത്യാസം കാണാന്‍ കഴിയും. മൂന്ന് പ്രദേശങ്ങളിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനും അതൊരു പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും ഉണ്ടായിരുന്ന തനതായ ശൈലി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം അതിന്‍റെ ജനകീയതകൊണ്ട് ലോക ശ്രദ്ധയാകര്‍ഷിച്ച സംഘടിതസംവിധാനമാണ്. ശക്തമായ ജനകീയ പ്രക്ഷോഭത്തിന്‍റെ ഫലമായി സമഗ്രമായ ഒരു ഗ്രന്ഥശാലാ നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞത് ഈ ജനകീയ സാംസ്കാരിക പ്രസ്ഥാനത്തിന്‍റെ മഹത്തായ നേട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1989ലെ കേരള പബ്ലിക് ലൈബ്രറീസ് ആക്ടും അതിന്‍റെ അടിസ്ഥാനത്തില്‍ 1991ല്‍ ഉണ്ടായ കേരള പബ്ലിക് ലൈബ്രറീസ് ചട്ടങ്ങളും കേരളത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന് നിയമായധിഷ്ഠിത പദവി കല്‍പിച്ചു നല്‍കി. ഈ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപം കൊണ്ട കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 1994ല്‍ സമ്പൂര്‍ണ്ണ ജനാധിപത്യ സംവിധാനമായി നിലവില്‍ വന്നു.
എല്ലാ മേഖലയിലെയും ജനവിഭാഗത്തിനും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സില്‍ വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നത്. സ്ത്രീകള്‍ക്കും, ഗ്രന്ഥശാലകളില്‍ എത്തി പുസ്തകമെടുക്കാന്‍ കഴിയാത്ത മുതിര്‍ന്നവര്‍ക്കും വീടുകളില്‍ പുസ്തകം എത്തിക്കുന്നതിനായി വനിതാ പുസ്തക വിതരണ പദ്ധതി, സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്നതിനുമായി വനിതാവേദികള്‍ സ്ഥാപിച്ചു. ബാലവേദി, വയോജനവേദി, യുവജനവേദി, മുതിര്‍ന്ന പൗരന്മാരുടെ പകല്‍ വീടുകളായി ഗുരുസംഗമം, ചരിത്ര ശാസ്ത്ര പുസ്തക കോര്‍ണര്‍, കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-വിജ്ഞാന സേവന കേന്ദ്രം, ഫിലിം ക്ലബ്ബ് എന്നിവയും ലൈബ്രറികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളില്‍ വായനശീലം പ്രേത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളില്‍ എഴുത്തുപെട്ടി സ്ഥാപിച്ചിട്ടുണ്ട്.
കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് വായന എന്ന ലക്ഷ്യത്തോടെ ജയില്‍ ലൈബ്രറിയും കൂടാതെ ഹോസ്പിറ്റല്‍ ലൈബ്രറി, ഓര്‍ഫനേജ് ലൈബ്രറികളും ആരംഭിച്ചു. കാഴ്ച പരിമിതര്‍ക്കും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുന്നതിനായി ബ്രയ്ലി ശ്രവ്യ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. വൃദ്ധസദനങ്ങളിലും കഴിയുന്നവര്‍ക്ക് സാന്ത്വനമേകുവാന്‍ ഹെര്‍മിറ്റേജ് ലൈബ്രറിയും ട്രൈബല്‍ മേഖലയിലുളളവര്‍ക്കായി ട്രൈബല്‍ ലൈബ്രറികളും ആരംഭിച്ചു. ഇങ്ങനെ വായന പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ജനവിഭാഗങ്ങളിലൂടെ എത്തിക്കുന്നതിന് സാധിച്ചു. എല്ലാ ജില്ലയിലും ഓരോ മോഡല്‍ വില്ലേജ് ലൈബ്രറിയും അക്കാദമിക്സ്റ്റഡി സെന്ററും, എല്ലാ താലൂക്കിലും കരിയര്‍ ഗൈഡന്‍സ് സെന്റര്‍ താലൂക്ക് റഫറന്‍സ് ലൈബ്രറി എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളിലെ സര്‍ഗവാസന വളര്‍ത്തുന്നതിനായി എല്ലാ താലൂക്കിലും ബാലോത്സവങ്ങളും ജില്ലാ തലത്തില്‍ അക്ഷരോത്സവവും സംസ്ഥാനതലത്തില്‍ ഇത് സര്‍ഗ്ഗോത്സവവുമായി സംഘടിപ്പിക്കുന്നു.
ഗ്രന്ഥശാലകള്‍ പുസ്തക വിതരണ കേന്ദ്രങ്ങള്‍ എന്നതിലുപരി സാമൂഹ്യ സേവന
മേഖലയിലും ഇടപെടലുകള്‍ നടത്തിവരികയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക, മാലിന്യ പ്രശ്‌നം പരിഹരിക്കുക, സംസ്ഥാനത്ത് ലഭ്യമായ മുഴുവന്‍ ജല സ്രോതസുകളും ഉപയോഗ യോഗ്യമാക്കുക. പച്ചക്കറി ജൈവ കൃഷിയിലൂടെ സ്വയം പര്യാപ്തമാകുക തുടങ്ങിയവ ലക്ഷ്യം വെച്ചുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സമൂഹം നേരിടുന്ന ദുരന്തമുഖത്തെ നേരിടുന്നതിനും ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഈ അശയത്തിലൂടെയാണ് അക്ഷരസേന എന്ന പുതിയ ആശയം ഉടലെടുത്തത്. സമൂഹത്തിന്‍റെ ദുരന്തമുഖത്തും സാന്ത്വന രംഗത്തും പരിപാലിക്കപ്പെടുകയെന്നതാണ് ഈ സേന ലക്ഷ്യം വെയ്ക്കുന്നത്. ഈ കണ്ട മഹാമാരിയിലും ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ സമൂഹത്തിന്‍റെ ആവശ്യതകള്‍ അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അുതകൊണ്ട് തന്നെ മറ്റ് ഏതൊരു പ്രസ്ഥാനത്തെക്കാളും വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഈ പ്രസ്ഥാനം കൂടൂതല്‍ ജനകീയത ആര്‍ജിച്ചതും.
സ്കൂള്‍ കോളെജ് വിദ്യാര്‍ഥികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വായന മത്സരങ്ങള്‍ നടത്തുന്നു. തെരഞ്ഞെടുത്ത പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ലൈബ്രറിയുടെ നട്ടെല്ല് എന്ന് പറയുന്നത് ലൈബ്രേറിയന്‍മാരാണ്. പുസ്തകങ്ങള്‍ ശാസ്ത്രീയമായി കാറ്റലോഗും ക്ലാസ്സിഫിക്കേഷനും നടത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും ആവശ്യയമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ട് നല്‍കുന്ന പുരസ്‌കാരങ്ങളായ ഇ.എം.എസ് പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരം, കടമ്മനിട്ട സാഹിത്യ പുരസ്‌കാരം, പി.എന്‍.പണിക്കര്‍ പുരസ്‌കാരം എന്നിവയാണ്. ഇത് കൂടാതെ പ്രസാധകര്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിലൂടെ നല്‍കുന്ന ഡി.സി. പുരസ്‌കാരം, എന്‍.ഇ. ബലറാം പുരസ്‌കാരം, പി. രവീന്ദ്രന്‍ പുരസ്‌കാരം, സമധാനം പരമേശ്വരന്‍ പുരസ്‌കാരം,
സി.ജി. ശാന്തകുമാര്‍ സ്മാരക പുരസ്‌കാരം എന്നിവയുമുണ്ട്. താലൂക്കിലെയും ജില്ലയിലെയും മികച്ച ഗ്രന്ഥശാലകള്‍ക്കും പുരസ്കാരങ്ങള്‍ നല്‍കുന്നു. കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുത്തൂര്‍ സോമരാജന്‍ അവാര്‍ഡും നല്‍കുന്നു.
9000ത്തോളം ലൈബ്രറികള്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രഡേഷനില്‍ പങ്കെടുക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അര്‍ഹത പരിശോധിച്ച് ഒരോ വര്‍ഷവും ഗ്രാന്‍റ് അനുവദിക്കും. നിലവില്‍ എ+, എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെയാണ് ഗ്രേഡുകള്‍, പ്രവര്‍ത്തനത്തിന്‍റ അടിസ്ഥാനത്തിലാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. കെട്ടിട ഗ്രാന്‍റ്, രാജറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍റെ ഗ്രാന്‍റ്, പുനരുദ്ധാരണ ഗ്രാന്‍റ്, ദുരിതാശ്വസ ഗ്രാന്‍റ് എന്നിവ നല്‍കി വരുന്നുണ്ട്.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖപത്രമായ ഗ്രന്ഥാലോകം പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച സാസ്കാരിക പ്രസിദ്ധീകരണമാണ് ഗ്രന്ഥാലോകം..

Leave a Reply